ശങ്കരാഭരണം ആദിതാളം CSIKerla
ശങ്കരാഭരണം - ആദിതാളം
പല്ലവി
തേന്‍മധുരം അതിലും - സത്യവേദം
ദിവ്യമായ മധുരം
അനുപല്ലവി
ജ്ഞാനമധു നിറയും വേദമതിലെനിക്കു
നാഥനേ അരുളാശ അനുദിനം രുചിപ്പാന്‍ - (തേന്‍ ..)
ചരണങ്ങള്‍
1. കാരുണ്യ ഗുരുവചന - കളങ്ക നി-
വാരണമായോരശനം[1]
പൂരണമായതു ഞാനുള്‍ക്കൊണ്ടീടുകില്‍
പാവനാലയത്തിന്നു യോഗ്യനായീടുമേ - (തേന്‍ ..)
2. ബുദ്ധിയിന്‍ കണ്‍ ഇരുണ്ടു-ബോധമറ്റു
പോയതിനാല്‍ വിരണ്ടു
സിദ്ധി ലഭിച്ചതിന്നുള്‍ അതിശയങ്ങളെക്കണ്ടു
തേറീടുവാനെന്‍ മനക്കണ്‍ തുറന്നരുള്‍ക നീ - (തേന്‍ ..)
3. പാദോപയോഗ ദീപം - നല്‍ വേദം
പറ്റുകില്‍ അതിലാഭം
ബാധചെയ്തീടും പല ശോധനകളും എതിര്‍
വരികില്‍ അഖിലം വെല്‍വാന്‍ തക്കോരായുധമതു - (തേന്‍ ..)
4. വിണ്ണുലകൊഴിഞ്ഞാലും - അതോടിഹ
മണ്ണുലകഴിഞ്ഞാലും
നിര്‍ണ്ണയമായൊന്നും ശ്രീകരമാകും ജീവ-
തിരുമൊഴി ഹൃദി തങ്ങി ഫലിപ്പാനാഗ്രഹിക്ക - (തേന്‍ ..)
5. [2]സകലഭൂതരും വാഴ്വാന്‍ - അഹോദേവാ
ഏകാ നിന്‍ അറിവുകൊള്‍വാന്‍
ശുദ്ധ സുവിശേഷം വിളങ്ങി പ്രകാശിപ്പാന്‍
ശുദ്ധമാമാത്മാവെല്ലാവര്‍ക്കും നല്‍കുക. - (തേന്‍ ..)
[1]ഭക്ഷണം
[2]സര്‍വചരാചരങ്ങളും