എനിക്കായ് പിളര്‍ന്ന പാറയായോനേ
ആനന്ദഭൈരവി - ആദിതാളം
1. എനിക്കായ് പിളര്‍ന്ന പാറയായോനേ
ഹീനപാപി നിന്നില്‍ മറഞ്ഞു പാര്‍ത്തിടട്ടെ
കുന്തം ഏറ്റ നിന്‍ വിലാവില്‍ നിന്നൊലിച്ച
ഗുണം ഏറും രക്തവും വിസ്മയ ജലവും
കടുതായ പാപകുറ്റം ശക്തിയെയും
കഴുകേണം അശേഷം ശുദ്ധിയരുളേണം - (എനി..)
2. തിരുന്യായ കല്പനകള്‍ക്കു നിവൃത്തി
ചെയ്‌വതെന്നാല്‍ അസാദ്ധ്യം അടിയാന്‍ പാപി
നിരന്തരം വൈരാഗ്യ ഭക്തി പൂണ്ടാലും
നില്‍ക്കാതേറെ കണ്ണുനീര്‍ പാപി ചൊരിഞ്ഞാലും
ഒരു പാപത്തിന്നും ഉപശാന്തി ചെയ്‌വാന്‍
ഉപയോഗം അല്ലിവ നീയേ രക്ഷചെയ്ക - (എനി..)
3. കൈയില്‍ ഒന്നുമില്ല വെറുതേ വരുന്നേന്‍
കര്‍ത്തനേ നിന്‍ കുരിശില്‍ അഭയം പിടിച്ചേന്‍
നഗ്നന്‍ ഞാന്‍, വന്നേന്‍ ഉടുപ്പു തന്നരുള്‍ക
നാശ പാപി നിന്‍ കൃപയ്ക്കത്രേ കാത്തിടുന്നേന്‍
ശുദ്ധിഹീനന്‍ ഞാന്‍ നീ കഴുകേണം എന്നെ
സുഖം ജീവന്‍ തരണം പ്രീയ രക്ഷകനേ - (എനി..)
4. ഇഹത്തില്‍ അടിയാന്‍ ശ്വാസത്തോടിരിക്കേ
ഇനി ലോകം വെടിഞ്ഞു വിണ്ണിന്നു തിരിക്കേ
അറിയാത്ത ലോകങ്ങളെ ഞാന്‍ കടക്കേ
അന്‍പു തിങ്ങും നിന്‍ തിരുമുമ്പില്‍ വന്നു നില്‍ക്കേ
എനിക്കായ് പിളര്‍ന്ന പാറയായോനേ
ഹീനപാപി നിന്നില്‍ മറഞ്ഞു പാര്‍ത്തിടട്ടേ - (എനി..)