• waytochurch.com logo
Song # 13079

ആനന്ദഭൈരവിചായ്വ് CSIKerla514


 ആനന്ദഭൈരവി-ചായ്‌വ്
പല്ലവി
അടിമവേല ഒഴിഞ്ഞു നമ്മുടെ
അടിമയോല അഴിഞ്ഞുതേ-
അനുപല്ലവി
അടിമ ഞങ്ങള്‍ നിനക്കതാലിനി
വെടിയൊലാ നീ യേശുവേ!
ചരണങ്ങള്‍
1. ആടുമാടു നിലങ്ങള്‍ വീടുകള്‍
മോടിയേറെയുണ്ടാകുവാന്‍
പേടിച്ചോടിയ കൂട്ടരെ ഇതാ
നാട്ടിലാക്കി മശിഹാ താന്‍ (അടി..)

2. താതനെ ഒരിടത്തിലും തഥാ
മാതരം വേറിടത്തിലും
സുതര്‍കളെ പുനര്‍ മറ്റൊരു സ്ഥലെ
വിറ്റു ഞങ്ങളെ ഇപ്പോഴോ (അടി..)

3. അടിമയാക്കിയ ഉടയവര്‍ പലര്‍
പാടുകള്‍ ബഹു ചെയ്തതെ
അടിയോടത്രയും നെടുകെ ചൊല്ലുകില്‍
വാടി മാനസമാറുമോ (അടി..)

4. കൊടുവെയില്‍ മഴയോടു കുളിര്‍ പനി
വാടി മെയ്യില്‍ ധരിച്ച പിന്‍
കൊടിയ മാനസമോടു പിടിച്ചടി
കോടി കോടി അടിച്ചവര്‍ (അടി..)

5. നടതെരുക്കളില്‍ കുടകള്‍-കോടതില്‍
നാട്ടില്‍ നായ്ക്കള്‍ നടക്കിലും
അടുത്തു ഞങ്ങള്‍ നടുക്കിലപ്പുറം
ഓടുവാനടിച്ചാട്ടിയും (അടി..)

6. കുഷ്ഠരോഗി ആശുദ്ധനെന്നതാല്‍
കാട്ടിലോടി ഒളിച്ചപോല്‍
ഭ്രഷ്ടരായ് വഴിമാറ്റി ഏറിയ
ഗോഷ്ടി കാട്ടി പിന്‍ ഇപ്പോഴോ (അടി..)

7. അധിക ദുഃഖിതാരായെജിപ്തില്‍ യെ-
ഹൂദരടിമ മുഖാന്തരം
അതിനെ നീക്കിയപോലെ നമ്മുടെ
ആധിനീക്കി പരാപരന്‍ (അടി..)

8. സുതനോടു പിതാവാത്മനരുളിയ
വേദജ്ഞാനികള്‍ വന്നിതാ
അതുനിമിത്തമീ അടിമ തീര്‍ന്നതി-
സ്വാതന്ത്ര്യം ലഭിച്ചേകനാല്‍ (അടി..)

9. അക്ഷരം കണക്കോടു ഗീതവും
ശിക്ഷയായ് പഠിപ്പിച്ചവര്‍
അക്ഷവും തെളിവോടു കാണുവാന്‍
മോക്ഷപാതയിലാക്കിനാര്‍ (അടി..)

10. തെരുതെരെ വരുവിന്‍ സഹോദരര്‍
ആരുമൊട്ടു മടിച്ചീടാ
അറിവിനേശു മഹേശനെ മന-
താരില്‍ നമ്പി വണങ്ങീടാന്‍ (അടി..)

11. മൂപ്പന്മാര്‍ വരുവിന്‍ ജനങ്ങളെ
ചേര്‍പ്പിന്‍ പള്ളിയിലേകമായി
തീര്‍പ്പിന്‍ ആര്‍പ്പുകള്‍ യേശുവിന്‍ കൃപ
ഓര്‍പ്പിന്‍ ഇന്നുമെന്നേക്കുമേ (അടി..)

12. ജ്ഞാനസ്നാനമത്താഴവും അനു-
ഷ്ഠാനം ചെയ്തുയര്‍ന്നീടുവിന്‍
മാനസാന്തരമായ പാതയില്‍
ജ്ഞാനമായ് നടന്നീടുവിന്‍ (അടി..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com